എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിൻറെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിക്കുകയുണ്ടായി. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൻറെ പേരിൽ രണ്ട് കേസുകൾ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശിവശങ്കറിൻറെ അഭിഭാഷകൻറെ സൗകര്യം പരിഗണിച്ചാണ് കേസിൻറെ തുടർവാദം ഇന്നത്തേക്ക് മാറ്റിയത്.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി കോടതിയിൽ അറിയിച്ചു.സ്വപ്നയുടെയുൾപ്പെടെ വാട്ട്‌സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ലൈഫ് മിഷൻ കരാർ ക്രമക്കേടിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇഡി ഹൈക്കോടതിയിൽ വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തിയെന്നാണ് കേസ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം, കള്ളപ്പണം തടയൽ നിയമ പ്രകാരവും ഇ.ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി.
ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. വീണ്ടും ശിവശങ്കർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടേക്കും. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി വാദിച്ചു.