Thursday, April 10, 2025
National

രാഹുൽ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീൽ നൽകും

സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി തത്ക്കാലം അനുസരിയ്ക്കില്ല. ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നല്കിയ നോട്ടീസ് പ്രകാരം ഏപ്രിൽ 22-ന് മുൻപ് രാഹുൽ ബംഗ്ലാവ് ഒഴിയണമെന്നാണ് നിർദേശം.

2004-ൽ ലോക്‌സഭാംഗമായതു മുതൽ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിൻ 12-ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു നിർദ്ദേശം. നിർദ്ദേശത്തിനെതിരെ അപ്പീൽ നല്കാൻ തിരുമാനിച്ച സാഹചര്യത്തിലാണ് തിരുമാനം. ഇക്കാര്യം ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയെ അറിയിക്കും.

അതേസമയം, അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ കഴിഞ്ഞ ദിവസത്തെ പോലെ പ്രതിപക്ഷം പ്രതിഷേധിയ്ക്കും. ഇന്നലെ നടുത്തളത്തിലിറങ്ങി യായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

പേപ്പർ ചിന്തി അദ്ധ്യക്ഷ പീഠത്തിലേക്കെറിഞ്ഞ കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി നിർദ്ദേശം, സർക്കാർ പ്രമേയമായി അവതരിപ്പിച്ചേക്കും. സഭാ സമ്മേളനത്തിന് മുൻപ് പ്രതിപക്ഷ പാർട്ടികളുടെ യോഗവും പ്രതിഷേധവും ഇന്നും ഉണ്ടാകും.

അതേസമയം, സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്നും വ്യക്തമാക്കി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തി. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണ പക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോൾ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *