കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട, സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് രാഹുൽ ഗാന്ധി
കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണമെന്ന് രാഹുൽ ഗാന്ധി. സിംഘു അതിർത്തിയിൽ കർഷകർക്കെതിരായി നടന്ന അക്രമം അംഗീകരിക്കാനാകില്ല. കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതുണ്ടാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
കർഷകരുടെ ജീവിതം തകർക്കുന്നതാണ് കാർഷിക നിയമം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തിവിട്ടതെന്നും രാഹുൽ ചോദിച്ചു. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ടു പോകില്ല.
സമരം ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. അതിനെ അടിച്ചമർത്താൻ സാധിക്കില്ല. രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകുകയാണ്. മധ്യവർഗത്തിന് ഭക്ഷ്യക്ഷാമം ഉണ്ടാകും. തീരുമാനം ഇന്ത്യയിലെ കാർഷിക രംഗത്തെ തകർക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചത് കർഷകരോടൊപ്പം നിൽക്കുന്നതിനാലാണെന്നും രാഹുൽ പറഞ്ഞു.