കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് മുതൽ
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്നുമുതൽ. ഒക്ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും വൻ കർഷക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന കിസാൻ ട്രാക്ടർ റാലി പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുർ, പട്യാല ജില്ലകളിലൂടെ കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനിൽ ജാഘർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. ഇടഞ്ഞുനിൽക്കുന്ന നവജ്യോത് സിംഗ് സിദ്ദു റാലിയിൽ പങ്കെടുക്കുന്നതോടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരമായി റാലി മാറും. കർഷക സംഘടനകൾ കോൺഗ്രസിന്റെ ട്രാക്ടർ റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിയെ ഹരിയാനയിൽ കടക്കാൻ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കിയിട്ടുണ്ട്. കർഷക സംഘടനകളുടെ ട്രെയിൻ തടയൽ സമരം ഇന്നും തുടരും.