സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തെറ്റായ വിവരം നല്‍കുന്നത് അഴിമതിയായി കാണാനാകില്ല: അലഹബാദ് ഹൈക്കോടതി
തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തെറ്റായ വിവരം പ്രചരിപ്പിച്ചാല്‍ അതിനെ ആര്‍ പി ആക്ട് സെക്ഷന്‍ 123 പ്രകാരം നിര്‍വചിക്കുന്ന അഴിമതിയുടെ ഗണത്തില്‍പ്പെടുത്താനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രജ് ബീര്‍ സിംഗിന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കുന്ന നിര്‍ണായകമായ വിവരമായി കണക്കാക്കാനാകില്ലെന്നാണ് കോടതി പറയുന്നത്. അതിനാല്‍ത്തന്നെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയാല്‍ അതിനെ അഴിമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുഗ്രഹ് നാരായണ്‍ സിംഗ് എന്നയാളാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഹര്‍ഷവര്‍ധന്‍ ബാജ്പയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. ഹര്‍ഷവര്‍ധന്‍ തന്റെ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയാണ് സത്യവാങ്മൂലം നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. സ്ഥാനാര്‍ത്ഥി തെറ്റായ വിവരം നല്‍കിയ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും അനുഗ്രഹ് നാരായണ്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഹര്‍ഷവര്‍ധന്‍ തന്റെ ഹൗസിംഗ് ലോണ്‍ വിവരങ്ങളും വൈദ്യുതി ബില്‍ വിവരങ്ങളും മറച്ചുവച്ചെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ അഴിമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.