Monday, January 6, 2025
Kerala

അവതാരകയെ അപമാനിച്ചെന്ന പരാതി: ശ്രീനാഥ് ഭാസിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയത്. ഒത്തുതീര്‍പ്പിലെത്തിയത് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സിനിമ പ്രൊമോഷനിടെ, ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ നടനെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

പിന്നീട് താരത്തിനെതിരായ പരാതി പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ അവതാരക ഒപ്പിട്ട് നല്‍കുകയായിരുന്നു. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നതെന്ന് അവതാരക പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകര്‍ക്കണമെന്നില്ല. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *