സ്വർണ്ണക്കടത്ത് കേസ് വിചാരണ സംസ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് ഹർജി; അസധാരണ സാഹചര്യം വിഷയത്തിലുണ്ടോ എന്ന് പരിശോധിച്ച ശേഷം തിരുമാനം
സ്വർണ്ണക്കടത്ത് കേസ് വിചാരണ സംസ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടുള്ള ഹർജിയിലെ വിഷയങ്ങൾ വിപുലമാണെന്ന് സുപ്രിംകോടതി. രാഷ്ട്രിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസുകൾ മാറ്റുന്നത് ഉചിതമല്ലെന്നും അസധാരണമായ സാഹചര്യം വിഷയത്തിൽ ഉണ്ടോ എന്ന് പരിശോധിച്ച് തിരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ശേഷിച്ച കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാൻ സുപ്രിംകോടതി നിർദേശം നൽകി.
സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. കേരള സർക്കാരും എം ശിവ ശങ്കരനും ഇഡിയുടെ ആവശ്യത്തെ ശക്തമായി സുപ്രിംകോടതിയിൽ എതിർത്തിട്ടുണ്ട്. ഇഡിക്ക് എല്ലാവിധ സഹായവും നൽകിയിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയാൽ അത് സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെ അവമദിക്കുന്നതിന് തുല്യമാകുമെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇടിയുടെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം ശിവശങ്കരൻ സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇഡി ഹർജിയിലെ ഒന്നും രണ്ടും കക്ഷികളായ സരിത്തും സ്വപ്നസുരേഷും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഹർജിയെ എതിർക്കുകയോ അനുകൂലിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.