നടിയെ ആക്രമിച്ച കേസിൽ തടസ്സ ഹർജിയുമായി ദിലീപ്; വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ആവശ്യപ്പെടും
നടിയെ ആക്രമിച്ച കേസിൽ വീണ്ടും തടസ്സ ഹർജിയുമായി ദിലീപ്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്
വിചാരണ അന്തിമഘട്ടത്തിലായതിനാൽ ജഡ്ജിയെ മാറ്റരുതെന്ന ആവശ്യമാകും ദിലീപ് ഉന്നയിക്കുക. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൽ റോഹ്ത്തഗി സുപ്രീം കോടതിയിൽ ഹാജരാകും. വിചാരണ കോടതി ജഡ്ജിയെ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാനാകില്ലെന്ന് ദിലീപ് വാദിക്കും
കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണ്. ജഡ്ജിയെ മാറ്റിയാൽ ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരും. ഇത് കാലതാമസമുണ്ടാക്കുമെന്നും ദിലീപ് ചൂണ്ടിക്കാണിക്കും. വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. ഇതനുസരിച്ച് 2020 മെയ് 29നുള്ളിൽ വിചാരണ പൂർത്തിയാകണം. എന്നാൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ കത്ത് പരിഗണിച്ച് വിചാരണ പൂർത്തിയാക്കാൻ 2021 ഫെബ്രുവരി വരെ സുപ്രീം കോടതി സമയം നൽകിയിരുന്നു.