പാലക്കാട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട് മലമ്പുഴക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത്
അന്വേഷണം തുടങ്ങി. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നുംകൊലപാതകമാണോ ആത്മഹത്യയാണോ എന്നത് പരിശോധിച്ചു വരികയാണെന്നും പാലക്കാട് എ എസ് പി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് മലമ്പുഴ ആരക്കാട് വനത്തിനുള്ളില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വെച്ച് തന്നെയാണ് കത്തിച്ചതെന്ന് വ്യക്തമാണെന്നും സമീപത്തെ മരത്തിന്റെ ഇലകള്‍ ചൂടേറ്റ് കരിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മധ്യവയസ്‌ക്കനാണ് മരിച്ചതെന്നും മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുള്ളതായും പൊലീസ് പറയുന്നു.
മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ജില്ലയില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.