Tuesday, January 7, 2025
National

വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകന് സസ്പൻഷൻ; അന്വേഷണത്തിന് ഉത്തരവ്

വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപികയ്ക്ക് സസ്പൻഷൻ. കർണാടകയിലെ ഒരു സർവകലാശാലയിലെ അധ്യാപകനെയാണ് സസ്പൻഡ് ചെയ്തത്. സംഭവത്തിൻ്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ ആഭ്യന്തര അന്വേഷണത്തിന് സർവകലാശാല ഉത്തരവിട്ടു.

“ഇത്തരം സംഭവങ്ങളെ അപലപിക്കുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഞങ്ങൾ എല്ലാ മതവിഭാഗങ്ങൾക്കും തുല്യ ബഹുമാനം നൽകുന്നു. വിഷയത്തിൽ വേണ്ട നടപടിയെടുത്തിട്ടുണ്ട്. വിദ്യാർത്ഥിക്ക് കൗൺസിലിങ്ങ് നൽകുകയാണ്. പ്രൊഫസറെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തു.”- സർവകലാശാല അധികൃതർ പറഞ്ഞു.

തന്നെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്നതും അധ്യാപകൻ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇത്തരം പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു” എന്ന് വിദ്യാർത്ഥി ചോദിക്കുന്നു. അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകൻ പറയുന്നു. “26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് തമാശയല്ല.”- വിദ്യാർത്ഥി പറയുന്നു. അതിനു മറുപടിയായി അധ്യാപകൻ വിദ്യാർത്ഥിയോട് മാപ്പ് ചോദിക്കുന്നുണ്ട്. തൻ്റെ മകനെപ്പോലെയാണ് വിദ്യാർത്ഥിയെ കാണുന്നതെന്നും അധ്യാപകൻ പറയുന്നു. “താങ്കളുടെ മകനോട് താങ്കൾ ഇങ്ങനെ പറയുമോ? ക്ലാസിൽ, എല്ലാവരുടെയും മുന്നിൽ വച്ച് അവനെ തീവ്രവാദിയായി മുദ്രകുത്തുമോ? ഒരു മാപ്പപേക്ഷ മതിയാവില്ല സർ. താങ്കൾ ഇവിടെ സ്വയം ചിത്രീകരിക്കുന്നത് എങ്ങനെയെന്നതിൽ മാറ്റമുണ്ടാവില്ല.”- വിദ്യാർത്ഥി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *