‘അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്നത് പുരോഹിതർ’; സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോയെന്ന് തോമസ് ഐസക്ക്
വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല, കേരള സർക്കാരിന്റെ പദ്ധതിയാണെന്ന് തോമസ് ഐസക്ക്. അദാനി നിർമാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപിഴകൾക്ക് യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരിൽ ചിലരുമാണ് ഉത്തരവാദികളെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
വിഴിഞ്ഞത്ത് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന ക്രിസ്ത്യൻ പുരോഹിതർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താകളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷികമായി തങ്ങൾ പറയുന്ന കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോയെന്നും തോമസ് ഐസക്ക് ചോദിച്ചു.
ദേശീയപാതയടക്കം എത്രയോ ദിവാസ്വപ്നങ്ങൾ യാഥാർഥ്യമായി കൊണ്ടിരിക്കുന്നു. അതുകൊണ്ട് വിഴിഞ്ഞം പദ്ധതി വേണമോ വേണ്ടയോ എന്നത് ഇന്നത്തെ സമരസമിതിക്കാർക്ക് തീരുമാനിക്കാനാവുന്ന കാര്യമല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.