മംഗളുരു സ്‌ഫോടനക്കേസ് പ്രതി ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ
മംഗളുരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ. ആലുവയ്ക്കു പുറമേ കൊച്ചി നഗരത്തിലടക്കം ഇയാൾ വന്നതിന്റെ വിവരങ്ങൾ ലഭിച്ചു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായും അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു.
ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച മുഹമ്മദ് ഷാരിഖ് കൊച്ചി നഗരത്തിലും എത്തിയതായാണ് പുതിയ വിവരം. പമ്പള്ളിനഗർ, മുനമ്പം, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഷരീഖ് വന്നതിന്റെ വിവരങ്ങൾ ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായി സ്ഥിരീകരിക്കുന്ന അന്വേഷണ സംഘം ഇയാൾ കൊച്ചിയിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ കുളച്ചലിലും കന്യാകുമാരിയിലും താമസിച്ച മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദർശന ലക്ഷ്യം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ ഇയാൾ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു ഏതാനും ദിവസം മുമ്പാണ് ശ്രീകൃഷ്ണ മഠം സന്ദർശിച്ചത്. ഇയാളുടെ ഫോണിൽ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ഈ പരിസരത്തു വച്ചു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായും വിവരമുണ്ട്. ഉഡുപ്പിയിലും സ്‌ഫോടനം ലക്ഷ്യമിട്ടാണോ സന്ദർശിച്ചതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.