മംഗളൂരു കേസ് പ്രതി എറണാകുളം ആലുവയിലെത്തി
മംഗളൂരു കേസ് പ്രതി എറണാകുളം ആലുവയിലെത്തിയെന്ന് കണ്ടെത്തൽ. വന്നതിന്റെ ഉദ്ദേശ്യലക്ഷ്യം അവ്യക്തമെന്ന് ഏജന്‍സികള്‍ പറഞ്ഞു. മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആണ് ആലുവയിലെത്തിയത്. ആരെയൊക്കെ സന്ദര്‍ശിച്ചുവെന്നതിൽ എടിഎസും ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് കേരളത്തിൽ നിന്ന് സഹായം കിട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കും .
ഷാരിഖ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.
മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിർണായക വിവരങ്ങളാണ് കർണാടക ഡിജിപി പ്രവീൺ സൂദ പങ്കുവച്ചത്. പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദർശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദർശനം നടത്തി. ഇരു സംസ്ഥാനത്തും പൊലീസ് പരിശോധന നടത്തുമെന്നും പ്രവീൺ സൂദ കൂട്ടിച്ചേർത്തു.
അതേസമയം ആരോഗ്യനില മോശമായി തുടരുന്നതാൽ മുഖ്യപ്രതി ഷാരികിനെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമെ സംഭവത്തിന്റെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഷാരികുമായി ബന്ധമുള്ള രണ്ട് പേർ കൂടിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ എഡിജിപിയുടെ മേൽനോട്ടത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്.
അതേസമയം, മംഗളൂരു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ. ഷെരീഖിന് സ്ഫോടനത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തൽ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകി.
നിലവിൽ അബ്ദുൾ മൈതീൻ അഹമ്മദ് താഹ ദുബൈയിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ ഐഎസ് അൽഹിന്ദ് മൊഡ്യൂളിന്റെ ഭാഗമാണ്. ശിവമോഗയിലെ തീർത്തല്ലി സ്വദേശിയാണ് അബ്ദുൾ മൈതീൻ താഹ.