Monday, January 6, 2025
National

റെയിൽവേ കരാറുകളിൽനിന്ന്‌ പൊതുമേഖല പുറത്ത്‌; 2019 ഡിസംബറിലെ നയതീരുമാനം അടിയന്തരമായി മരവിപ്പിച്ചു

 

ന്യൂഡൽഹി: പൊതുമേഖലയെ പൂർണമായി ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായി റെയിൽവേ കരാറുകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ നൽകിയ മുൻഗണന പിൻവലിച്ചു. റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ അടക്കം ഇനി കരാർ പിടിക്കാൻ സ്വകാര്യമേഖലയുമായി മത്സരിക്കേണ്ടി വരും.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ മുൻഗണന നൽകിയ 2019 ഡിസംബറിലെ നയതീരുമാനം അടിയന്തരമായി മരവിപ്പിച്ച്‌ റെയിൽവേ ബോർഡ്‌ ഉത്തരവിറക്കി. റെയിൽമന്ത്രി അശ്വനി വൈഷ്‌ണവിന്റെ നിർദേശപ്രകാരമാണ് ഇത്‌. താൽപ്പര്യപത്രം പുറപ്പെടുവിക്കുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്‌തിട്ടില്ലെങ്കിൽ പൊതുമേഖലയ്‌ക്ക്‌ കൈമാറാൻ തീരുമാനിച്ച എല്ലാ കരാറും റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്‌. ഈ കരാറുകൾക്കെല്ലാം സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി പുതിയ ടെൻഡർ വിളിക്കും.  റെയിൽവേ കരാറുകളിൽ കുറഞ്ഞ തുകയ്‌ക്ക്‌ കരാർ ഉറപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്‌ നിർമാണജോലി വിട്ടുനൽകലായിരുന്നു പതിവ്‌.

കൂടുതൽ മത്സരം ഉറപ്പാക്കി റെയിൽവേയുടെ ചെലവ്‌ ചുരുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ റെയിൽവേ വൃത്തങ്ങൾ അവകാശപ്പെട്ടു. പുതിയ തീരുമാനപ്രകാരം റെയിൽവേ സോണുകൾ ടെൻഡർ വിളിച്ച്‌ പൊതു– -സ്വകാര്യ മേഖലാ വ്യത്യാസമില്ലാതെ വിജയിക്കുന്ന കമ്പനിക്ക്‌ കരാർ ഉറപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *