നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ധു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല, രാജിവയ്ക്കുകയാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിദ്ധു രാജിക്കത്തില്‍ വ്യക്തമാക്കി.
ജൂലൈയിലാണ് പിസിസി പ്രസിഡന്റായി നവജ്യോത് സിംഗ് സിദ്ധു ചുമതലയേറ്റത്. അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ഭീഷണി തകര്‍ത്താണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ സിദ്ധുവിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇതിനിടെ നവജ്യോത് സിംഗ് സിദ്ധുമായുള്ള തര്‍ക്കത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവച്ചിരുന്നു.
രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.