Monday, January 6, 2025
National

കനയ്യകുമാറും ജിഗ്നേഷും കോണ്‍ഗ്രസില്‍; ചൊവ്വാഴ്ച അംഗത്വമെടുക്കും

 

മുന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റും, സിപിഐ നേതാവുമായ കനയ്യകുമാറും, ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ അധികാര് മഞ്ജ് നേതാവുമായ ജിഗ്നേഷ് മേവാനിയും അനുയായികളും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസിലേക്ക്. നേരത്തെ കനയ്യയുടെയും ജിഗ്നേഷിന്റെയും കോണ്‍ഗ്രസ് പ്രവേശനത്തിനായി നേതാക്കള്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിപിഐ ജനറല്‍ സെക്രട്ടറി ഈ വാദത്തെ തള്ളുകയായിരുന്നു.

ഈ മാസം 28ന് ഭഗത്സിംഗ് ദിനത്തില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. രാഹുല്‍, പ്രീയങ്ക എന്നിവരുമായി ഇരുവരും പലകുറി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഇരുവരുമായി ചര്‍ച്ച നടത്തിയിരുന്നു.

കുറച്ചു കാലമായി ബിഹാര്‍ സിപിഐ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് കനയ്യകുമാര്‍. പ്രശ്‌ന പരിഹാരത്തിനായി ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ കനയ്യകുമാര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച പരാതികള്‍ പരിഹരിക്കപ്പെടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ഡി രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാഗ്ദാ മണ്ഡലത്തില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനിക്ക് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വലിയ തരത്തിലുള്ള പിന്തുണ കോണ്‍ഗ്രസ് നല്‍കിയിരുന്നു. അന്നുമുതല്‍ ഇരുവരും കോണ്‍ഗ്രസുമായി സഹകരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയായതായും റിപ്പോര്‍ട്ടുണ്ട്.

കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഇരുവരുടെയും കടന്നുവരവ് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ കഴിയുന്ന നേതാക്കളുടെ അഭാവം പാര്‍ട്ടിക്കുണ്ടെന്ന കണക്കൂട്ടലില്‍ ഇരുവരും മുതല്‍കൂട്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *