ഇതുവരെ കണ്ടത് 77 ദശലക്ഷം പേർ, റെക്കോർഡ് നേട്ടം; യുട്യൂബിലും വമ്പൻ ഹിറ്റായി ചന്ദ്രയാൻ 3
ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി. രാജ്യത്തിൻറെ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ അസാധാരണ നിമിഷമായിരുന്നു അത്. വികസനത്തിന്റെ ഈ നാഴികക്കല്ലുകൾ ഇന്ത്യക്കാരുടെ ആത്മവിശ്വാസം വാനോളം ഉയർത്തി. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറിയതോടെ ലോക രാജ്യങ്ങളുടെ കണ്ണുകൾ ഇന്ത്യയിലേക്കായിരുന്നു.
ഈ നേട്ടത്തോടെ ബഹിരാകാശ രംഗത്തു മാത്രമല്ല, അങ്ങ് യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ചന്ദ്രയാൻ 3 വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതുവരെ 77 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് യുട്യൂബിൽ കണ്ടിരിക്കുന്നത്. 2023 ഓഗസ്റ്റ് 23-ന് ദക്ഷിണ ധ്രുവ ചന്ദ്ര പ്രതലത്തിൽ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ് ഇസ്രോ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഇന്നുവരെയുള്ള സംപ്രേഷണം ചെയ്തിട്ടുള്ള എല്ലാ യുട്യൂബ് ലൈവ് സ്ട്രീമുകളുടെയും കാഴ്ചക്കാരുടെ എണ്ണം വെച്ച് നോക്കുമ്പോൾ വളരെ മുന്നിലാണ് ചന്ദ്രയാൻ-3യുടെ തത്സമയ സംപ്രേക്ഷണം. ഇതിന് 80 ലക്ഷം അല്ലെങ്കിൽ 8 ദശലക്ഷം പീക്ക് കൺകറന്റ് വ്യൂവേഴ്‌സ് (പിസിവി) ഉണ്ടായിരുന്നു.
ലൈവ് സ്ട്രീമിൽ രണ്ടാം സ്ഥാനത്ത് ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള 2022 ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരമാണ്. മികച്ച രണ്ട് ലൈവ് സ്ട്രീമുകൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ആവേശത്തോടെ കാണുന്ന രണ്ട് മേഖലകളെയാണ് സൂചിപ്പിക്കുന്നത് ബഹിരാകാശവും കായികവും.