Tuesday, January 7, 2025
National

പാലൊളി ചിതറി ചന്ദ്രയാന്‍ 3; സോഫ്റ്റ് ലാൻഡിങ് വിജയം

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി.

ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും.

അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒരു ലൂണാർ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവർത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *