Sunday, January 5, 2025
National

മണിപ്പൂരിൽ കെട്ടടങ്ങാതെ സംഘർഷം; ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ട് അക്രമികൾ

മണിപ്പൂർ ഇംഫാലിലെ ന്യൂ ലാംബുലൻ മേഖലയിൽ അക്രമികൾ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് മൂന്ന് വീടുകൾക്ക് തീയിട്ടത്. ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സംഘർഷ സ്ഥലങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.

സംഘർഷത്തെ തുടർന്ന് പ്രദേശവാസികൾക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. ഇന്ന് പുലർച്ചെ മുൻ ആരോഗ്യ ഡയറക്ടറുടെ വീടിന് കാവൽ നിന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ അക്രമികൾ കവർന്നിരുന്നു. രണ്ട് റൈഫിളുകളും വെടിയുണ്ടകളുമാണ് കവർന്നത്. ഇംഫാൽ വെസ്റ്റിലായിരുന്നു സംഭവം. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സേന.

അതേസമയം, മണിപ്പൂർ കലാപത്തിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അയൽസംസ്ഥാനമായ അസമിലേക്ക് മാറ്റി. വിചാരണ കോടതി ജഡ്ജിമാരെ തീരുമാനിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു. പ്രതികളും ഇരകളായവരും മണിപ്പൂരിൽ തുടരണമെന്നും കോടതി നിർദേശിച്ചു. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.

സിബിഐ കേസുകൾ കെെകാര്യം ചെയ്യുന്നതിന് 2 ജഡ്ജിമാരെ നിയമിക്കുവാൻ ഗുവാഹട്ടി ഹെെക്കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. വിചാരണ ഓൺലെെനിൽ നടത്താം. ഇരകളുടെ മൊഴി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളാണ് പരിഗണിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കും മണിപ്പൂരിലെ അവരുടെ സ്ഥലങ്ങളിൽ നിന്ന് തെളിവ് നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *