മണിപ്പൂരിൽ വീണ്ടും സംഘർഷം; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ
മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തിനിടെ അക്രമികൾ കേന്ദ്രമന്ത്രിയുടെ വീടിന് തീവച്ചു. കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ വീടിനാണ് തീവച്ചത്. ഇംഫാലിൽ ഇന്നലെ രാത്രിയാണ് അക്രമികൾ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ വ്യവസായ മന്ത്രിയുടെ വീടിനു അക്രമികൾ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. അക്രമികൾക്ക് വേണ്ടി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായി മണിപ്പൂരിൽ വീണ്ടും വെടിവപ്പുണ്ടായിരുന്നു. 9 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സമാധാന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കി.