Tuesday, January 7, 2025
National

മണിപ്പൂരിൽ വീണ്ടും സംഘർഷം: അതിർത്തി മേഖലയിൽ വെടിവയ്പ്, വീടുകൾക്ക് തീവെച്ചു

ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.

വീണ്ടുമൊരു മെയ്ത്തെയ് വിഭാഗക്കാരന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിക്കുകയാണ്. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

കദാംബന്ദ് മേഖലയിലിയിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ ഇരുപത്തിയേഴ് വയസുകരനായ മെയ്ത്തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ മണിപ്പൂരില്‍ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്. നഗര മേഖലയിലടക്കം മുളകമ്പുകള്‍ ഉപയോഗിച്ച് മെയ്ത്തെയ് വിഭാഗക്കാർ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലപ്പെട്ട മെയ്ത്തെയ് വിഭാഗക്കാരനായ സായ്കോം ഷുബോലിന്‍റെ മൃതദേഹവുമേന്തി നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനം നഗരത്തില്‍ നടന്നു.

അതേ സമയം, മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാൻ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയ്ക്ക് ഇടപെടാനാകും. അതേസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് വ്യക്തമാക്കി. പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും അക്കാര്യം ഓർമ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *