Sunday, April 13, 2025
National

മണിപ്പൂരിൽ ആക്രമണം തുടരുന്നു; രണ്ടിടങ്ങളിൽ വെടിവയ്പ്പ്, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

ദില്ലി: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.

മണിപ്പൂർ കലാപം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്. മണിപ്പൂർ കലാപത്തിലെ കേസുകൾ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സമിതിയോട് സുപ്രീം കോടതിയുടെ നിർദ്ദേശം. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോടാണ് നിർദ്ദേശിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *