മണിപ്പൂർ സംഘർഷം: അക്രമികൾ തന്റെ വീട് കത്തിച്ചത് നിർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ്
മണിപ്പൂരിൽ അക്രമികൾ തന്റെ വീട് കത്തിച്ചത് നിർഭാഗ്യകരമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഇന്നലെ വൈകീട്ട് കേരളത്തിൽ എത്തി. മണിപ്പൂരിൽ സമാധാനത്തിനാണ് ശ്രമിച്ചത്. വീട് കത്തിച്ചത് നിർഭാഗ്യകരം. മണിപ്പൂരിലെ കലാപം തെറ്റിദ്ധാരണ മൂലം. മണിപ്പൂർ സംഘർഷം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരുകയായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു.
മണിപ്പൂരിലേത് മതപരമായ പ്രശ്നമല്ല. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. വിഷയത്തിൽ സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ ആദ്യഘട്ടം മുതൽ ശ്രമം നടത്തി വരുന്നു. സമാധാന സേനയെ നിയോഗിച്ച് സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായത്. സ്ഥിതി ശാന്തമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. അക്രമകാരികൾ സമാധാനം കൊണ്ടുവരാൻ സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. ഇൻ രാവിലെ തന്റെ വസതിക്ക് അക്രമികൾ തീ വെച്ച വിഷയത്തിൽ പ്രതികരിച്ച അദ്ദേഹം ഭാഗ്യം കൊണ്ടാണ് ഉറ്റവർ രക്ഷപ്പെട്ടത് എന്ന് സൂചിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് മണിപ്പൂരിൽ സംഘർഷത്തിനിടെ അക്രമികൾ കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ വീടിന് തീവച്ചത്. ഇംഫാലിൽ ഇന്നലെ രാത്രിയാണ് അക്രമികൾ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.