Saturday, October 19, 2024
National

എംപിമാരുടെ സസ്പെൻഷൻ നടപടി; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമായേക്കും

എംപിമാരുടെ സസ്പെൻഷൻ നടപടി , വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമാകും. രണ്ടു വിഷയങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ പാർട്ടികൾ അവതരണ അനുമതി തേടിയിട്ടുണ്ട്. സർക്കാർ ആവശ്യം അംഗീകരിക്കുന്നത് വരെ നിയമനിർമ്മാണ നടപടികളോട് സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം അച്ചടക്കം നടപടികൾ മാപ്പു പറയാതെ പിൻവലിക്കാൻ സാധിക്കില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. സഭാ നടപടികൾ തടസ്സപ്പെടുത്താൻ വീണ്ടും പ്രതിപക്ഷം ശ്രമിച്ചാൽ കൂടുതൽ നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി വ്യക്തമാക്കി. മൂന്നാം ദിവസവും സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും കോൺഗ്രസ് അംഗങ്ങൾ ഇന്ന് ഇരു സഭകളിലും ഉന്നയിക്കും. ഈ വിഷയത്തിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ പ്രതിഷേധിച്ച 19 എം പിമാരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എം പിമാരെ സസ്‌പെൻഡ് ചെയ്തത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാർക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാർക്കുമാണ് സസ്‌പെൻഷൻ.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെൻ, ഡോ ശാന്തനു സെൻ എന്നിവർ ഉൾപ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.

Leave a Reply

Your email address will not be published.