നടുത്തളത്തിലിറങ്ങി പ്രതിഷേധം: രാജ്യസഭയില്‍ 19 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാര്‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ഡോ ശാന്തനു സെന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.
ഇന്നലെ ലോക്‌സഭയിലും എംപിമാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. നാല് കോണ്‍ഗ്രസ് എംപിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് എംപിമാര്‍ ഇന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിഷേധം ശക്തമായിരുന്നു.
സര്‍ക്കാര്‍ സമീപനങ്ങളോട് മ്യദുസമീപനം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും എത്തിയത്. സഭ നിര്‍ത്തിവച്ച് നെഹ്റു കുടുംബത്തിനെതിരായ ഇ ഡി നടപടിയും എംപിമാരുടെ സസ്പെന്‍ഷന്‍ വിഷയവും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ലോകസഭാ രാജ്യസഭ അദ്ധ്യക്ഷന്മാര്‍ അടിയന്തിര പ്രമേയ നോട്ടിസ് മടക്കി വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശം തള്ളിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം തുടങ്ങി. ലോകസഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ചെയര്‍മാനും അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു.