യുപിയിൽ 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി. ഫത്തേപൂരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംഭവം ലൗ ജിഹാദാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപണം. പ്രതി മുസ്ലീമാണെന്നും ഹിന്ദുവാണെന്ന് നടിച്ച് പെൺകുട്ടിയെ കെണിയിൽ വീഴ്ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വിഎച്ച്പി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഫത്തേപൂരിലെ ഒരു ഗ്രാമത്തിൽ ജൂൺ 22 നാണ് 17 വയസുകാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. പെൺകുട്ടിയുടെ പിതാവ് പറഞ്ഞതനുസരിച്ച് രാത്രി 11 മണിയോടെ മകളെ കല്യാണമണ്ഡപത്തിൽ നിന്ന് കാണാതായി. ബന്ധുക്കൾ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പിതാവ് പൊലീസിനെ സമീപിച്ചു.
തുടർന്ന് ജൂൺ 23 ന് വിവാഹ വേദിക്ക് സപീമം നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്നും പെൺകുട്ടിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ ഉൾപ്പെട്ട നാലുപേരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും വിഎച്ച്പി അംഗങ്ങളും രംഗത്തെത്തി. തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി.