ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ; ദുബായിലും ഷാർജയിലും മലയാളം ഈദ്ഗാഹുകളും
തിരുവനന്തപുരം: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് നാളെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ബലിപെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിർദ്ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. നാളെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറും.