വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്.
കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്.
ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.