എഐ ക്യാമറ; കരാറുകാരായ എസ്ആർഐടി സർക്കാരിൻ്റെ വൻ പദ്ധതികളിലെല്ലാം പങ്കാളികൾ, കമ്പനികൾ ഒത്തുകളിച്ചെന്നും ആക്ഷേപം
തിരുവനന്തപുരം: സർക്കാരിന്‍റെ വൻകിട പദ്ധതികളിലെല്ലാമുള്ള എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നു. വൻ കിട പദ്ധതികളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കരാറുകളെടുത്തിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് ആർ ഐ ടിയാണ്. കെ ഫോണ്‍, കേരള സ്‌റ്റേറ്റ് വൈഡ് ഏരിയ നൈറ്റ് വര്‍ക്ക് (KSWAN), സേഫ് കേരള പദ്ധതികളിലെ മുഖ്യ കരാര്‍ സ്ഥാപനമാണ് എസ് ആർ ഐ ടി എഐ. ക്യാമറയിലെ കെൽട്രോണ്‍ കരാർ വിവാദത്തിലായതിന് പിന്നാലെയാണ് സർക്കാരിന്‍റെ വൻകിട പദ്ധതികളിൽ എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നത്.
1516.76 കോടി ചെലവിടുന്ന സർക്കാരിൻെറ വൻ കിട പദ്ധതിയായ കെ ഫോണിലെ പ്രധാന റോള്‍ ഇന്ന് എസ്.ആർ.ഐ.ടിയെന്ന സ്ഥാപനത്തിനാണ്. പശ്ചാത്തല സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ ബെല്ലിനൊപ്പമുള്ള കണ്‍സോഷ്യത്തിലെ അംഗമെന്ന നിലയിലാണ് കെ ഫോണ്‍ പദ്ധതിയിലേക്ക് എസ് ആർ ഐ ടി എത്തുന്നത്. സംസ്ഥാനത്ത് ഉടനീളം ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള പ്രധാന കരാർ കണ്‍സോഷ്യത്തിൽ നിന്നും ലഭിച്ചത് എസ്ആർഐടിക്കാണ്. ഇതാണ് എസ് ആർ ഐ ടിക്ക് കരാർ ലഭിക്കാൻ കമ്പനികള്‍ തമ്മിലും മുൻകൂട്ടി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. പദ്ധതി നടത്തിപ്പിന് എംഎസ്പിയെ ക്ഷണിക്കാൻ കെ ഫോൺ തീരുമാനിച്ചപ്പോൾ ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളിൽ നിന്ന് കരാർ കിട്ടിയത് എസ് ആർ ഐ ടിക്കാണ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ ഇൻറർനെറ്റ് നെറ്റ്‍വർക്കാണ് കെ-എസ്.വാൻ. ഇതിന്‍റെ കരാറുകാരായ റെയിൽ ഡെല്ലിൽ നിന്നും ഉപകരാർ എടുത്തിരിക്കുന്നതും എസ് ആർ ഐ ടിയാണ്.
അതായത് സംസ്ഥാനത്തെ ഇൻറർനെറ്റ് നെറ്റ്‍വർക്കിന്‍റെ പ്രധാനചുക്കാൻ പിടിക്കുന്നത് സ്വകാര്യ കമ്പനിയാണ്. ഇതുകൂടാതെയാണ് എഐ ക്യാമറക്കായി 151 കോടിയുടെ കരാറും കമ്പനി നേടിയത്. ഫൈബർ ഇടുന്നതിനായി എസ്ആർഐടി ഉപകരാർ നൽകിയത് നാസിക്ക് ആസ്ഥാനമായ അശോക് ബെൽക്കോണിനായിരുന്നു. എസ്ആർഐടിയുടെ ബിസിനസ് പങ്കാളിയായ അശോക് ബെൽക്കോണ്‍. എഐ ക്യാമറക്കുള്ള കെൽട്രോണ്‍ കരാറിലും പങ്കെടുത്തു. പക്ഷെ കരാർ കിട്ടിയത് എസ് ആർ ഐ ടിക്കും. ഇതുചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ പരസ്പര ധാരണയോടെ പങ്കെടുത്തുവെന്ന ആക്ഷേപം പ്രതിപക്ഷം എഐ ക്യാമറയിലും ഉന്നയിക്കുന്നത്.