കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്. ബന്ധവും. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. മുബീന്റെ വീട്ടിലെ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.
കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേരാണ് പിടിയിലായത്. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം സ്വദേശി ജമേഷ മുബീൻ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കർമ സേനയേയും നിയോഗിച്ചിട്ടുണ്ട്.