കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ശ്രീലങ്കൻ ബന്ധവും
കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ശ്രീലങ്കൻ ബന്ധമുള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽ നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺ വിളികൾ എത്തിയിട്ടുണ്ട്.
കാക്കനാട് മയക്കുമരുന്ന് കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം ചെന്നൈ ട്രിപ്ലിക്കെയിനാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽടിടിഇ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികൾ കൊടൈക്കനാലിൽ റേവ് പാർട്ടികൾ സംഘടിപ്പിച്ച ഇടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഒന്നാം പ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലിൽ വാങ്ങാനായി അഡ്വാൻസ് നൽകിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ എസ്‌റ്റേറ്റ് ഇയാൾ വാങ്ങാൻ തീരുമാനിച്ചതിൽ തന്നെ വലിയ മയക്കുമരുന്ന് ഏർപ്പാട് ഇയാൾ വഴി നടന്നു കാണുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.