കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച; കേന്ദ്രാനുമതി ആവശ്യമില്ലെന്ന വിശദീകരണം വിവാദത്തില്‍
യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തില്‍. നടപടി പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയില്ലെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വിദേശരാജ്യത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജൂലൈ 29നാണ് കേന്ദ്രമന്ത്രി മറുപടി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് വിവാദം ഉടലെടുത്തത്.