ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആര്‍ജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാ സഖ്യത്തിലെ മരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്പീക്കര്‍ പദവി ആര്‍ജെഡിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
ആറു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്‌റി ദേവി മന്ത്രിസഭയില്‍ അംഗമായിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
നിതീഷ് കുമാര്‍ രാജിവച്ച് മഹാസഖ്യത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും രാജിവയ്ക്കാതിരുന്ന ബിജെപി അംഗമായ മുന്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പായി വിജയ് കുമാര്‍ സിന്‍ഹ നടകീയമായി രാജിവച്ചു.