Thursday, January 23, 2025
National

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സംയുക്ത പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്.

ഇന്നലെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്കുവേണ്ടി തേടാന്‍ തീരുമാനിച്ചിരുന്നു.

അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. വ്യത്യസ്ത പാര്‍ട്ടികളിലെ ആറ് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ള ആറ് പേരാണ് വോട്ട് ചെയ്യാന്‍ എത്താഞ്ഞത്. തെരഞ്ഞെടുപ്പില്‍ 99.18 % ഇലക്ടറല്‍ കോളജിലെ അംഗങ്ങള്‍ വോട്ട് ചെയ്തു.

പാര്‍ലമെന്റില്‍ 63 ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താന്‍ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

 

Leave a Reply

Your email address will not be published. Required fields are marked *