Tuesday, January 7, 2025
Kerala

വിഴിഞ്ഞത്തെ സമരം ശക്തമാക്കും; തുടർ നടപടികളുമായി സമരസമിതി മുന്നോട്ട്

മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരും. തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയെയും അതിരൂപത അറിയിച്ചത്.

ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആർച്ച്ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയും യോഗത്തിൽ വിമർശനമുന്നയിച്ചു.
സമവായ സാദ്ധ്യതകൾ അടഞ്ഞതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി. തുടർനീക്കങ്ങൾ ആലോചിക്കാൻ ഇന്നും നാളെയുമായി സമരസമിതി യോഗം ചേരും.

അതിനിടെ തുറമുഖ കവാടത്തിലെ ഉപരോധസമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവെൻഷൻ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ച്‌ മണിക്ക് മുല്ലൂരിലാണ് പരിപാടി. തുറമുഖത്തിൽ കൂടുതൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്‌ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *