അസമിൽ പ്രസാദം കഴിച്ച 70 പേർ ആശുപത്രിയിൽ
അസമിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 70 പേർ ആശുപത്രിയിൽ. മതപരമായ ചടങ്ങിൻ്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്. ലഖിംപൂരിൽ ജില്ലയിലെ നാരായൺപൂരിനടുത്തുള്ള പൻബാരി മേഖലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി കുട്ടികൾ അടക്കം ഗ്രാമത്തിലെ എൺപതോളം പേർ മതപരമായ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രസാദം കഴിച്ചയുടനെ പലർക്കും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ അടുത്തുള്ള മഹാത്മാഗാന്ധി മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
“22 സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടെ 32 പേരാണ് ആദ്യം എത്തിയത്. പിന്നീട് 30 ഗ്രാമീണർ കൂടി ആശുപത്രിയിൽ എത്തി, ശേഷം 10 സ്ത്രീകളടക്കം 19 പേരെ കൂടി പ്രവേശിപ്പിച്ചു. ഗ്രാമവാസികൾക്കിടയിൽ മരുന്നുകളും വിതരണം ചെയ്തു.” നരൻപൂർ മോഡൽ ഹോസ്പിറ്റൽ ഡോക്ടർ പറഞ്ഞു.