മദ്രസയുടെ മറവിൽ ഭീകരപ്രവർത്തനം; അസമിൽ 11 പേർ പിടിയിൽ
അസമിൽ മദ്രസയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്ന 11 പേർ കസ്റ്റഡിയിൽ. കേന്ദ്ര ഏജൻസികളും അസം പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. തീവ്രവാദ സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമുമായും അൽ-ഖ്വയ്ദയുമായും പിടിയിലായവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൊറിയാബാരിയിൽ മദ്രസ നടത്തുന്ന മുസ്തഫ എന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചു. അൽ-ക്വയ്ദയുടെ അൻസറുല്ല ബംഗ്ലാ ടീമുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തി. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരം കേസെടുത്തു.” മോറിഗാവ് എസ്പി പറഞ്ഞു.
സഹരിയാഗോണിലെ ജാമിഉൽ ഹുദാ മദ്രസ എന്ന കെട്ടിടം പൊലീസ് സീൽ ചെയ്തു. കസ്റ്റഡിയിലെടുത്തവരിൽ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളും ശൃംഖലയും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.