വീണ്ടും എൻകൗണ്ടർ: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു
അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു. വനിതാ പോലീസ് ഉദ്യോസ്ഥ അടക്കമുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി(20)യാണ് കൊല്ലപ്പെട്ടത്
ഫെബ്രുവരി 16നാണ് ബിക്കി അലിയും നാല് പേരും ചേർന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രി തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തങ്ങൾ വെടിവെച്ചതെന്നും പോലീസ് പറയുന്നു
അസമിൽ 2021 മെയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പലതും വ്യാജ ഏറ്റുമുട്ടലുകളാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.