മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു; മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും
ആഭ്യന്തര സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതിനിടെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ഉപാധികളോടെ പുനസ്ഥാപിച്ചത്. വൈഫൈ – ഹോട്ട്‌സ്‌പോട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും സംസ്ഥാനത്ത് തുടരും. പ്രധാന ഓഫീസുകള്‍, ആരോഗ്യ മേഖല , വര്‍ക്ക് ഫ്രം ഹോം എന്നിവയെ ബാധിച്ചതിനാലാണ് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂലൈ 25 തിയതിയായി രേഖപ്പെടുത്തിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സേവനങ്ങള്‍, ഗ്യാസ് ബുക്കിംഗ്, മുതലായവ ഇനി തടസമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്റ്റാറ്റിക് ഐപി വഴിയുള്ള കണക്ഷന്‍ അല്ലാതെ മറ്റ് കണക്ഷനുകള്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിപിഎന്നിന് ഉള്‍പ്പെടെയുള്ള വിലക്ക് മണിപ്പൂരില്‍ തുടരുകയാണ്.
Read Also: മണിപ്പൂർ കലാപം; ബിജെപി നിലപാട് തള്ളി ആർഎസ്എസ് വനിതാ വിഭാഗം
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും വിഷയത്തില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം തുടരുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളില്‍ നിന്ന് ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തു. ഗ്യാന്‍ വ്യാപി വിഷയത്തില്‍ മുസ്ലിം ലീഗ് ഇരു സഭകളിലും നല്കിയ അടിയന്തിര പ്രമേയ ആവശ്യവും അംഗീകരിച്ചില്ല.