Saturday, April 12, 2025
National

ഡല്‍ഹി അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കര്‍ഷക സമരം സജീവമായ സിംഘു, ഗാസിപൂര്‍, തിക്രി തുടങ്ങിയ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം നീട്ടി ഉത്തരവിട്ടത്. പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന സമരത്തിന്റെ ഭാഗമാണ് നിരോധനം.

പുതിയ ഉത്തരവ് പ്രകാരം ജനുവരി 31 രാത്രി 11 മുതല്‍ ഫെബ്രുവരി 2 രാത്രി 11വരെയാണ് നിരോധനം നീട്ടിയത്. കര്‍ഷക പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ജനുവരി 26 മുതല്‍ 30 വരെയായിരുന്നു ആഭ്യന്ത്ര മന്ത്രാലയം ടെലകോം സര്‍വീസ്(പബ്ലിക് എമര്‍ജന്‍സി സേഫ്റ്റി റൂള്‍), 2017, ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റ്, 1885 തുടങ്ങിയവ അനുസരിച്ച് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്.

2019 ഡിസംബര്‍ 19ന് പൗരത്വ സമരക്കാലത്താണ് അവസാനമായി ഈ വകുപ്പനുസരിച്ച് ഇന്റര്‍നെറ്റ് നിരോധിച്ചത്. പൊതുജന സുരക്ഷയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കുന്നതരത്തില്‍ 2017ലാണ് ഈ നിയമം ഭേദഗതി ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *