ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് തടസപ്പെട്ട സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സ്വമേധയ ആണ് പൊലീസ് കേസെടുത്തത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനോട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പരിപാടിയ്‌ക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മൈക്ക് തടസപ്പെട്ടതും മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ കേസുകൂടി എടുത്തിരിക്കുന്നത്.
ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഔദ്യോഗികമായി ഉന്നത സ്ഥാനത്തിരിക്കുന്ന ആളുടെ സംസാരത്തെ തടസപ്പെടുത്താനുള്ള ശ്രമം, അവഹേളിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. സ്വമേധയാ കേസെടുത്തിരിക്കുന്നതോടെ പൊലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി വിമര്‍ശിച്ചു.