ഇന്റര്‍നെറ്റ് നിശ്ചലമാക്കിയതിനാൽ രാജ്യത്തിന് നഷ്ടമായത് 20,500 കോടി
കഴിഞ്ഞ വർഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങൾ മണിക്കൂറുകളോളം നിശ്ചലമായതിനെ തുടർന്ന് രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. പോയ വർഷം ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂറാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് . ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ല്‍ 75 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കപ്പെട്ടത്. ഇത് മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്.
ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍, സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യത്തിനുണ്ടായ നഷ്ടം കണക്കാക്കിയത്. ഇന്റര്‍നെറ്റ്ഷട്ട്ഡൗണ്‍സ്.ഇന്‍ എന്ന വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇന്റര്‍നെറ്റ് ലഭ്യത നിയന്ത്രിക്കുന്നതില്‍ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യ മുന്നിലായി തുടരുന്നു. ഇതില്‍ ദൈര്‍ഘ്യം കുറഞ്ഞത് പലതും പ്രത്യേക വിഭാഗങ്ങളേയും ഗ്രാമങ്ങളേയും, നഗരങ്ങളേയും, ജില്ലകളേയും ലക്ഷ്യമിട്ടുള്ളതായിരുന്നു. അവ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിട്ടില്ല. വൻ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നെറ്റ് നിയന്ത്രണങ്ങൾ മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനാൽ ഇതുവഴി രാജ്യത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടം 20,500 കോടിയേക്കാള്‍ കൂടുതലായിരിക്കും.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഏറെ വിവാദമായ തീരുമാനം വന്നതിന് ശേഷം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം 2020 മാര്‍ച്ചില്‍ അധികൃതര്‍ പിന്‍വലിച്ചിരുന്നു. എങ്കിലും 2ജി കണക്റ്റിവിറ്റി മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളത് എന്നും ടോപ്പ് 10 വിപിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ല്‍ ലോകത്താകമാനം 27165 മണിക്കൂര്‍ നേരമാണ് പ്രധാനമായും ഇന്റര്‍നെറ്റില്‍ തടസം നേരിട്ടത്. 2019-നേക്കാള്‍ 19 ശതമാനം അധികമാണിത്. ഇത് വഴി 401 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഇതില്‍ ഏകദേശം മുക്കാല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണ്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ജനജീവിതം സുഗമമാക്കി മാറ്റാന്‍ ഇന്റര്‍നെറ്റ് ലോക ജനതയെ ഏറെ സഹായിച്ചിട്ടുണ്ട് .എന്നാൽ ഇന്ത്യയിൽ ഇന്റര്‍നെറ്റ് സേവനം വിലക്കിയത് ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.