Tuesday, January 7, 2025
National

‘ജമ്മു കശ്മീരിൽ നിന്ന് AFSPA നീക്കം ചെയ്യുന്ന സമയം വരും’; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ജമ്മു കശ്മീരിൽ നിന്ന് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) നീക്കം ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണനയെന്നും പ്രതിരോധ മന്ത്രി ജമ്മുവിൽ പറഞ്ഞു. സംശയിക്കുന്നവരെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാനോ കൊല്ലാനോ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്നതാണ് AFSPA നിയമം.

“പല സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കലാപം അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ടാണ് അവിടുങ്ങളിൽ AFSPA നീക്കം ചെയ്തത്. ജമ്മു കാശ്മീരിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം നീക്കം ചെയ്യുന്ന കാലം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – രാജ്‌നാഥ് സിംഗ് പറഞ്ഞു.

“1962 ൽ നിന്ന് ഞങ്ങൾ നിരവധി പാഠങ്ങൾ പഠിച്ചു. അതിനാലാണ് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്. അടൽ ടണൽ ഈ വസ്തുതയുടെ സാക്ഷ്യമാണ്. മറ്റ് പല അതിർത്തി പദ്ധതികളും നടക്കുന്നുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ നല്ല അടിസ്ഥാന സൗകര്യങ്ങൾ അർഹിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഞങ്ങളുടെ തന്ത്രപ്രധാനമായ സ്വത്താണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് എന്നിവയാണ് AFSPA നിയമത്തിന് കീഴിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *