ഉത്തരവാദിത്വമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളെ വളച്ചൊടിക്കുന്നു: ചൈനക്കെതിരെ രാജ്‌നാഥ് സിംഗ്
ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈനയുടെ പേര് എടുത്തുപറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം
ഇന്ത്യ യുദ്ധക്കപ്പൽ നിർമിക്കുന്നത് രാജ്യത്തിന്റെ ഉപയോഗത്തിന് മാത്രമല്ല, ലോകത്തിന്റെ മൊത്തം ആവശ്യത്തിന് വേണ്ടിയാണെന്നതിൽ സംശയമില്ല. ഐഎൻഎസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതല്ലെന്നും ഭാവിയിലെ ആവശ്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ ഇടുങ്ങിയതും നിക്ഷിപ്തവുമായ താത്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യു എൻ കൺവെൻഷന് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.