ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം തകർന്നു വീണു; ഒഴുകിപ്പോയത് പത്തുലക്ഷം ലിറ്റർ വെള്ളവും 1500 ഓളം മത്സ്യങ്ങളും
ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം ബെർലിനിൽ തകർന്നുവീണു. 14 മീറ്റർ (26 അടി) ഉയരമുള്ള അക്വാഡോം അക്വേറിയം കഴിഞ്ഞദിവസം പുലർച്ചെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ലെങ്കിലും പത്തുലക്ഷം ലിറ്റർ വെള്ളമാണ് ഹോട്ടലിലും സമീപപ്രദേശത്തെ തെരുവിലുമൊക്കെയായി നിറഞ്ഞത്. അതോടൊപ്പം ഏകദേശം 1,500 ഉഷ്ണമേഖലാ മത്സ്യങ്ങൾ ഒഴുകിപോകുകയും ചെയ്തു.
അക്വേറിയം സ്ഥിതിചെയ്യുന്ന ഹോട്ടൽ സമുച്ചയത്തിലെ ഒരു ദശലക്ഷം ലിറ്റർ വെള്ളവും അതിനുള്ളിലെ എല്ലാ മത്സ്യങ്ങളും താഴത്തെ നിലയിലേക്ക് ഒഴുകി എന്നാണ് ബെർലിൻ അഗ്നിശമന വകുപ്പിന്റെ വക്താവ് വ്യക്തമാക്കിയത്. ഈ അപകടത്തിൽ രണ്ട് പേർക്ക് ഗ്ലാസ് സ്‌പ്ലിന്ററുകളിൽ നിന്ന് പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന സംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2004-ൽ നിർമിച്ച സിലിണ്ടർ ആകൃതിയിലുള്ള അക്വാഡോം ബെർലിനിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിരുന്നു.
റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഫോയറിലാണ് ഇത് സ്ഥിതിചെയ്തിരുന്നത്. ഇവിടേക്ക് സന്ദർശകർക്ക് ഉപയോഗിക്കുന്നതിന് ഒരു എലിവേറ്റർ നിർമ്മിച്ചിട്ടുണ്ട്. സീ ലൈഫ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ ഫ്രീസ്റ്റാൻഡിംഗ് അക്വേറിയമാണ് അക്വാഡോം. നൂറുകണക്കിനു മത്സ്യങ്ങൾ ചത്തൊടുങ്ങിയതോടെ സംഭവം വളരെ വിവാദമാകുകയും ചെയ്തു. തൊട്ടടുത്തുള്ള കാൾ ലീബ്‌നെക്റ്റ് സ്ട്രീറ്റിലേക്കും വെള്ളം വൻതോതിൽ ചോർന്നൊലിക്കുന്നതിനാൽ ഈ പ്രദേശത്ത് എല്ലാ സർവീസുകളും നിർത്തലാക്കിവെച്ചിരിക്കുകയാണ്.