Saturday, October 19, 2024
National

കുതിക്കാനൊരുങ്ങി ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ്; എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്

ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്. രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വൺവെബ്ബുമായി ഇസ്രൊ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് ആറാം ദൗത്യത്തിന് സജ്ജമായിക്കഴിഞ്ഞു. പരാജയമറിയാത്ത എൽവിഎം 3 ഇത്തവണ വിക്ഷേപിക്കുന്നത് വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യം. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കുക.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണ് ഇന്നത്തേത്. 2022 ഒക്ടോബർ 23 നു 36 ഉപഗ്രഹങ്ങൾ എൻ‌എസ്ഐഎൽ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്നത്തെ വിക്ഷേപണത്തോടെ ആകെ 72 ഉപഗ്രഹങ്ങൾ ഇസ്രോ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കരിച്ച രൂപമായ എൽവിഎം 3 ഉപയോഗിച്ച് 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക.

വൺ വെബ് കമ്പനിയുടെ ഇതുവരെയുള്ള 18–ാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്നു നടക്കുന്നത്. ഇതോടെ അവരുടെ 616 ഉപഗ്രഹങ്ങൾ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെത്തും. വൺ വെബിന്റെ ഒന്നാം തലമുറ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനുള്ള മുഴുവൻ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം ഇതോടെ പൂർത്തിയാകുമെന്നു കമ്പനി അറിയിച്ചു.

ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണു വൺ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണു വൺ വെബുമായുള്ളത്. വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്നു 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.