കോഴിക്കോട് മെഡിക്കല്‍ കോളജ് ലൈംഗികാതിക്രമം;നഴ്സിംഗ് ഓഫീസര്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ലൈംഗികാതിക്രമത്തിൽ നഴ്സിംഗ് ഓഫീസര്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍. ഇരയ്ക്കൊപ്പം നിന്നതിന് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന നഴ്സിംഗ് ഓഫീസറുടെ പരാതി വ്യാജമാണെന്നും നഴ്സിംഗ് ഓഫീസര്‍ അനിത പി ബി കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവെന്ന് എന്‍ജിഒ യൂണിയന്‍ ആരോപിച്ചു.
അനിതയ്ക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും ആക്ഷേപം. അനിതയ്ക്കെതിരെ നടപടി വേണമെന്നും എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടു. അതിജീവിതയ്ക്കൊപ്പം നിന്നതിന് തന്നെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് അനിത കഴിഞ്ഞ ദിവസം സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാര്‍ക്ക് സസ്പെന്‍ന്റ് ചെയ്തിരുന്നു. ഒരാളെ പിരിച്ചുവിട്ടിരുന്നു. വിഷയം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിച്ചെന്നാണ് പരാതി. പരാതി പിൻവലിക്കാൻ തനിക്കുമൽ സമ്മർദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റന്‍ഡറോട് ചോദിച്ചിരുന്നെന്നും യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നല്‍കിയെന്നും നഴ്സ് മൊഴിനല്‍കി. തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്.
സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്സിനുനേരെ അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിച്ചിരുന്നു.