പെൺകുട്ടിയെ പ്രണയിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ
ജമ്മുവിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ഭീംനഗർ സ്വദേശി ആഷു (22) ആണ് അറസ്റ്റിലായത്. മാർച്ച് 22 നാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
നാല് മാസം മുമ്പ് അഷു ജമ്മു സന്ദർശിക്കുകയും, പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. പിന്നീട് പ്രണയത്തിലായ ഇരുവരും ഉത്തർപ്രദേശിലേക്ക് ഒളിച്ചോടി. പെൺകുട്ടിയുമായി ഒളിച്ചോടിയ ശേഷം ഭീംനഗറിലെ വീട്ടിലാണ് ആഷു താമസിച്ചിരുന്നത്. മാർച്ച് 22 ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും, തർക്കത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ മാഹിനൂർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. പിന്നീട് കൊലക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.