വിവാഹ ചടങ്ങുകൾക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; അതേ വേദിയിൽ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരൻ
വിവാഹ ചടങ്ങുകൾക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരൻ. ഗുജറാത്തിലെ ഭാവ്‌നഗറിൽ സുഭാഷ്‌നഗർ ഏരിയയിലായിരുന്നു സംഭവം. ഭാവ് നഗറിലെ ഭഗവനേശ്വർ മഹാദേവ് ക്ഷേത്രത്തിന് മുന്നിലായിരുന്നു കല്യാണ ചടങ്ങുകൾ നടന്നത്.
ജിനാഭായ് റാത്തോറിന്റെ മകൾ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അൽഗോട്ടറിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹത്തിനിടെയാണ് അത്യാഹിതം സംഭവിച്ചത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതാകാം എന്ന നിഗമനത്തിൽ വീട്ടുകാരും ബന്ധുക്കളും ചേർന്ന് വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വധുവിന്റെ മരണത്തെ തുടർന്ന് അവളുടെ സഹോദരിയെ വരന് വിവാഹം കഴിപ്പിച്ച് നൽകാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വധുവിന്റെ അനുജത്തിയെ അതേ വേദിയിൽ വെച്ച് തന്നെ വിശാൽ വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങ് കഴിയുന്നത് വരെ ഹേതലിന്റെ മൃതദേഹം ആശുപത്രിയിലാണ് സൂക്ഷിച്ചത്.