മദ്യപാനാസക്തിയില്‍ നിന്ന് മകനെ രക്ഷിക്കാനായില്ല; ദുരനുഭവം പങ്കുവച്ച് കേന്ദ്രമന്ത്രി
മദ്യപാനം തന്റെ മകന്റെ ജീവനെടുത്ത ദുരനുഭവം പങ്കുവച്ച് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാള്‍ മികച്ച വരന്‍ റിക്ഷാക്കാരനോ തൊഴിലാളിയോ ആണ്. മദ്യപാനികള്‍ക്ക് പെണ്‍മക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ച് നല്‍കരുതെന്നും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.
തന്റെ വ്യക്തിപരമായ അനുഭവം വിവരിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. മദ്യപാനിയുടെ ആയുസ്സ് വളരെ കുറവാണ്. മന്ത്രി എന്ന നിലയില്‍ ഞാനും എംഎല്‍എ എന്ന നിലയില്‍ എന്റെ ഭാര്യയും മകനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ക്കതിന് കഴിഞ്ഞില്ല. പിന്നെ സാധാരണക്കാര്‍ക്ക് അതെങ്ങനെ സാധിക്കും. ലംബുവ മണ്ഡലത്തില്‍ മദ്യപാന ആസക്തിയെ കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.
‘എന്റെ മകന്‍ ആകാശ് കിഷോറിന് സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഒടുവില്‍ അവനെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി ആറ് മാസത്തിന് ശേഷം വിവാഹം കഴിപ്പിച്ചു. പക്ഷേ അവന്‍ മദ്യപാനം തുടര്‍ന്നു. ഒടുവില്‍ അതവന്റെ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുമ്പ്, ഒക്ടോബര്‍ 19 ന്, ആകാശ് മരിക്കുമ്പോള്‍, അവന്റെ കുഞ്ഞിന് കഷ്ടിച്ച് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.’ കൗശല്‍ കിഷോര്‍ പറഞ്ഞു.
‘എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല, അതുകൊണ്ടാണ് അവന്റെ ഭാര്യ വിധവയായത്. നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും നിങ്ങള്‍ രക്ഷിക്കണം.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു